14 May 2012

മൂന്ന് ഭാര്യമാരും ഏഴ് മക്കളും രണ്ട് വെപ്പാട്ടികളും ഉള്ള ഒരു അനാഥന്‍

ഭൂമിയുടെ അവകാശി


"ഡാ,ആ വഴീലൊരു നായ് ചത്ത്‌ കിടക്കുന്നു..."


"അതിനെയാ വെട്ടോഴീന്നു മാറ്റി വേലിയ്ക്കലേയ്ക്കിട്ടെയ്ക്ക്-വണ്ടി കേറി അരയണ്ട"


"അല്ലെങ്കി വേണ്ട, നീ ദവിടന്നൊരു തൂമ്പാ വാങ്ങിയെ..നമുക്കിതിനെ എവിടേലും കുഴിച്ചിടാം...."


വേലിയോട് ചേര്‍ന്ന് ഒഴിഞ്ഞ സ്ഥലത്ത് ആ നായുടെ/പട്ടിയുടെ ശവശരീരം കുഴിച്ചു മൂടപെട്ടു....
കാക്കയും മറ്റും കൊത്തിവലിയ്ക്കപെടാതെ ആ ശരീരത്തിനിനി മണ്ണിനടിയില്‍ സുഖമായി വിശ്രമിയ്ക്കാം.
ഭൂമിയുടെ ആ അവകാശിയ്ക്ക് ആദരാഞ്ജലികള്‍.....


ലേബല്‍: കഥ
മൂന്ന് ഭാര്യമാരും ഏഴ് മക്കളും രണ്ട് വെപ്പാട്ടികളും ഉള്ള ഒരു അനാഥന്‍ 


1/5.
രാവിലെ തന്നെ മനു വന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചത് ഒരു മരണ വാര്‍ത്തയുമായിട്ടായിരുന്നു.
 പാടത്തോട് ചേര്‍ന്നുള്ള ഹാജിയാരുടെ പറമ്പില്‍ താമസിയ്ക്കുന്ന വിജയന്‍ എന്നയാള്‍ മരിച്ചിരിയ്ക്കുന്നു...
"വാടാ,ഒന്നവിടെ പോയിട്ട് വരാം....എന്നിട്ട് ഉച്ചയ്ക്ക് ഒരു പടത്തിനും പോകാം."
"ഹും..." - ഞാന്‍ എണീറ്റു. ഉച്ചയ്ക്ക് പടത്തിന് പോകണം,അതിനു മുന്‍പേ അവിടെ പോയി മരിച്ചയാളെ ഒന്ന് കണ്ട്,ഞാന്‍ ഉദേശിച്ച ആള്‍ തന്നെയാണ് മരണപെട്ടത്‌ എന്നുറപ്പും വരുത്തണം.


ഞാന്‍ ഉദേശിച്ച ആള്‍ തന്നെയാണ് മരണപെട്ടത്‌ എങ്കില്‍ അയാള്‍ ഒരു മുഴു കുടിയനാണ്‌.ഇവിടെനിന്നും കുറെയധികംമാറി കിഴുത്താനിയില്‍ നിന്നോ മറ്റോ വന്നു താമസിയ്ക്കുന്ന ഒരാള്‍. അയാളുടെ വീട്ടില്‍ ഭാര്യയോ മറ്റാരെങ്കിലുമോ ഇല്ല, പക്ഷെ കേട്ടിരിയ്ക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ അയാള്‍ രണ്ടു കല്ല്യാണം കഴിച്ചിട്ടുണ്ട് രണ്ടിലും മക്കളുണ്ട് ആ മക്കള്‍ക്കും മക്കളുണ്ട്. എങ്കിലും അനാഥനായി ബാറുകളിലും പാടവരമ്പുകളിലും വഴിവക്കിലും ചുരുങ്ങിയ സമയം തന്റെ വീടിന്റെ വരാന്തയിലുമായി കഴിഞ്ഞു കൂടുന്ന ഒരാള്‍.


2/5.
മരണ വീടിന്റെതായ ഒരന്തരീക്ഷം അവിടെങ്ങും ഉണ്ടായിരുന്നില്ല.  വീടിന്റെ മുറ്റത്ത്‌ നാട്ടുകാരായ കുറച്ചു പേര്‍ കൂടി നില്‍ക്കുന്നു.


"എവിടെയാടാ ഇത്, നാട്ടിലൊരു മരണം നടന്നിട്ട് ഇപ്പോളാണോ വരണെ..."
"തലേന്ന് കുടിച്ചതിന്റെ കെട്ട് ഇറങ്ങിയാലല്ലേ വരാന്‍ പറ്റൂ...??"
-നാട്ടിലെ പലചരക്ക് കടയുടമ ബാലന്‍ ചേട്ടന്‍ ആ പറഞ്ഞതില്‍ അത്ര വലിയ തമാശയൊന്നും ഇല്ലെങ്കിലും ഒരു മരണവീടിന് ചേരാത്ത രീതിയില്‍ എല്ലാരും ആര്‍ത്തുചിരിച്ചു.


"ഇയാള്‍ടെ ബന്ധുക്കളോട് വിവരം പറയാന്‍ ആരെങ്കിലും പോയിട്ടുണ്ടോ..?" -നമ്മള്‍ ഇപ്പോള്‍ ഒരു മരണ വീട്ടിലാണ് നില്‍ക്കുന്നത് എന്ന് മറ്റുള്ളവരെ ഓര്‍മ്മിപ്പിയ്ക്കാന്‍ വേണ്ടി മാത്രമായി ഞാനാ ചോദ്യം ചോദിച്ചു. ആരൊക്കെയോ പോയിട്ടുണ്ടെന്നും ഉടന്‍ എല്ലാവരും എത്തിച്ചേരുമെന്നും എനിയ്ക്ക് മറുപടിയും കിട്ടി.


"ഈ ബോഡിയെന്താ ഇങ്ങനെ കിടത്തിയിരിയ്ക്കണേ? ഒരു പായയിലോട്ടു എടുത്തു കിടത്തണ്ടേ..?" -സത്യത്തില്‍ മനു അത് ചോദിച്ചപ്പോള്‍ മാത്രമാണ് ഞാന്‍ ആ ഭാഗത്തേയ്ക്ക് നോക്കുന്നത്.
വെറും നിലത്തു ഒരു കാല്‍ അല്‍പ്പം മടങ്ങിയും മറ്റേ കാല്‍ നിവര്‍ത്തിയും ആണ് അതിന്റെ കിടപ്പ്.നിവര്‍ന്ന കാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം പടികെട്ടിനു പുറത്തേയ്ക്ക് വീണു കിടക്കുന്നു. ചുണ്ടിനു മേലെ പത പോലെ എന്തോ കാണുന്നുണ്ട്.... വിഷമടിച്ചതായിരിയ്ക്കാം.


"എങ്ങനെയാ മരിച്ചതെന്ന് നമുക്കറിയില്ല...പോലീസോ ആളുടെ ബന്ധുക്കളോ വരട്ടെ..,അല്ലാതെ എന്തെങ്കിലും ചെയ്‌താല്‍ പിന്നെ നമുക്ക് പണിയാകും."
3/5.
ഒരു ചായകുടിച്ച്‌ ഞങ്ങള്‍ തിരികെ എത്തുമ്പോള്‍ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു. നാട്ടുകാരല്ലാത്ത കുറച്ചു പേര്‍, ഏകദേശം പതിനഞ്ചോളം പേര്‍, മരിച്ചയാളുടെ ബന്ധുക്കളാകാം-ആണുങ്ങള്‍ മാത്രം- അവിടവിടെയായി കൂടി നില്‍പ്പുണ്ട്. ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിന്  കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഇനി നിന്നിട്ട് പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ പലരും പിരിഞ്ഞു പോകാന്‍ തുടങ്ങുന്നു. അതിനിടയില്‍ ഞങ്ങള്‍ക്ക് മനുവിന്റെ ഒരു പഴയ സുഹൃത്തിനെ കിട്ടി. അവന്റെ ഒരു നാട്ടുകാരനായ സുഹൃത്തിനൊപ്പം വന്നതാണ്.


"ഇത് രാജേഷ്.ഇവന്റെ ആരോ ആണ് ആ മരിച്ചത്...." -സുഹൃത്ത് പറഞ്ഞു
"എന്റെ അമ്മയുടെ ബന്ധത്തിലുള്ളോരു മാമനാണ് ഇയാള്‍."
മരിച്ചയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ രാജേഷില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടി.


"ഇയാള്‍ടെ ഭാര്യമാര്‍ വന്നിട്ടില്ലേ..?"
"ഇല്ല..."
"മക്കള്‍...???"
"അവരും വന്നിട്ടില്ല.അവര്‍ക്ക് ബോഡി വേണ്ടെന്നു പറഞ്ഞു."
"അതെന്താ...?"
"ഇയാള് രണ്ടും മൂന്നും കല്ല്യാണം കഴിച്ചു തോന്നിയ പോലെ നടന്നവനാ...അപ്പൊ പിന്നെ മക്കള് തിരിഞ്ഞു നോക്കോ..??"
"എത്ര മക്കളുണ്ട്...?"
"ആറേഴു പേര്‍ ഉണ്ടെന്നു തോന്നുന്നു."
"എത്ര ഭാര്യമാര്‍ ഉണ്ട്..?"
"ഞങ്ങടെ അറിവില്‍ മൂന്ന്‌.അതല്ലാതെ പലയിടത്തും പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും കേട്ടിട്ടുണ്ട്"


ഞാന്‍ ആ മരിച്ചയാളുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കി...അതിനും മാത്രം പോന്ന ഒരു കാമദേവനായിരുന്നോ ഇയാള്‍...??? തോന്നുന്നില്ല....


"ആ നിക്കുന്നവരൊക്കെ പിന്നെ ആരാ..?"
"അതെല്ലാം എന്നെപോലെ തന്നെ അകന്ന ബന്ധത്തില്‍ ഉള്ള ഓരോരുത്തര്‍ ആണ്. ഇയാളുമായി ആരും അടുപ്പം ഉണ്ടായിരുന്നില്ല. കേട്ടപ്പോ ഒന്ന് വന്നു നോക്കാം എന്നും പറഞ്ഞു വന്നവരാണ് എല്ലാവരും..."


"അല്ല,മക്കള്‍ക്കും വീട്ടുകാര്‍ക്കും വേണ്ടെങ്കീ പിന്നെ നിങ്ങളിതിനെ എന്ത് ചെയ്യാന്‍ പോകുന്നു..???"
 (നിങ്ങളിതിനെ എന്ത് ചെയ്യാന്‍ പോകുന്നു??- ആ ചോദ്യം ചോദിച്ച്‌ കഴിഞ്ഞപ്പോളാണ് അതിലെ വാക്കുകളില്‍ ഒരു പിശക് ഉണ്ടെന്നു എനിയ്ക്ക് തോന്നിയത്...)
അറിയില്ല എന്നര്‍ത്ഥത്തില്‍ രാജേഷ്‌ നെറ്റി ചുളിച്ചു,കീഴ്ചുണ്ട് പുറത്തേയ്ക്ക് മറിച്ചു- 'എന്തെങ്കിലും ചെയ്യണമല്ലോ' എന്ന് പറയുകയും ചെയ്തു.


ബോഡിയുമായി ആംബുലന്‍സ് താലൂക്ക് ആസ്പത്രിയിലെയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി പോയി. 'ഏതായാലും ഇറങ്ങിപോയില്ലേ...ഇനിയിപ്പോ നിന്നെയ്ക്കാം' എന്നും പറഞ്ഞു അവര്‍ രണ്ടു പേരും അതിനൊപ്പം യാത്രയായി.


4/5.
അധികം സമയം ആകുന്നതിനും മുന്നേ മനുവിന്റെ ഫോണില്‍ നേരത്തെ കണ്ട ആ സുഹൃത്തിന്റെ കാള്‍ വന്നു. പോസ്റ്റ്‌ മോര്‍ട്ടത്തിന് മുന്‍പേ മരണത്തില്‍ സംശയം ഇല്ലെന്നും പറഞ്ഞു ബന്ധുക്കള്‍ അല്ലാത്ത നാല് പേര്‍ ഒപ്പിട്ടു നല്‍കണം. ഒരാള്‍ മനുവിന്റെ സുഹൃത്ത്.ഇനി മൂന്ന്‌ പേര്‍ കൂടി വേണം.ഞങ്ങള്‍ രണ്ടും കൂടാതെ പറ്റുമെങ്കില്‍ മറ്റൊരാളെ കൂടി വിളിച്ചു വേഗം ഹോസ്പ്പിട്ടലില്‍ ചെല്ലാന്‍. അവര്‍ പോകാന്‍ നേരം 'എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിയ്ക്കണം' എന്ന് ഞങ്ങള്‍ പറഞ്ഞു പോയി.ഇനി പോകാതെ തരമില്ല.


ഹോസ്പ്പിട്ടലില്‍ ചെല്ലുമ്പോള്‍ നേരത്തെ കണ്ട അത്രയും പേര്‍ തന്നെ അവിടെയും ഉണ്ട്. കൂടിയിട്ടുമില്ല,കുറഞ്ഞിട്ടുമില്ല. ഒപ്പിട്ടു കഴിഞ്ഞതോടെ മറ്റു ബന്ധുക്കളും ഞങ്ങടെ പരിചയത്തിലായി.


"വിജയന്‍ താമസിച്ചിരുന്ന സ്ഥലം അവന്റെ പേരിലാണോ,അതോ വാടകയ്ക്കോ?"  -മരിച്ചയാളുടെ സഹോദരന്‍ എന്ന് പരിചയപെടുത്തിയ ആള്‍ ചോദിച്ചു. ഞങ്ങള്‍ക്ക് ആ സ്ഥലം കിട്ടാന്‍ വല്ല വകുപ്പും ഉണ്ടോ എന്നാണു ആ ചോദ്യത്തിന്റെ മറ്റൊരര്‍ഥം എന്ന് മനസ്സിലാക്കാന്‍ എനിയ്ക്ക് വലിയ പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല.
"ഏയ്‌...അത് ഹാജിയാര്‍ എന്നൊരാളുടെ സ്ഥലാ. മഴക്കാലത്ത് അയാള്‍ടെ താറാവിനേം കൊണ്ട് വരുന്നവര്‍ക്ക് താമസിയ്ക്കാനായി കെട്ടിയിട്ടിരിയ്ക്കണതാ ആ വീട്."
"ഓ... അവിടെ കുഴിച്ചിടാന്‍ അയാള് സമ്മതിയ്ക്കോ...??"
"കുഴിച്ചിടാനോ..? അവിടെ കിടന്നു മരിച്ചു എന്നറിഞ്ഞാ അയാള്‍ നിങ്ങടെ കയ്യീന്ന്  നഷ്ട്ടപരിഹാരം വാങ്ങും.അതാ മൊതല്...."


മരിച്ചയാളെ കുഴിച്ചിടാന്‍ സ്ഥലമില്ല. എല്ലാ ബന്ധുക്കളും വല്ലാത്തൊരു അവസ്ഥയില്‍ എത്തപെട്ടിരിയ്ക്കുന്നു. ആരുമാരും അവരവരുടെ വീടുകളിലേയ്ക്ക് കൊണ്ട് പോകാന്‍ തയ്യാറുമല്ല.
"ചോരയൊക്കെ തന്നെയാണ്...പക്ഷെ മക്കള്‍ക്ക്‌ വേണ്ടെങ്കീ പിന്നെന്തിനാ നമ്മള്‍...."
'ശരിയാണ്...സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ല,പിന്നെന്തിനാ നമ്മള്‍' - ഞാന്‍ ആ വാചകത്തെ മറ്റൊരു രീതിയില്‍ പറഞ്ഞു നോക്കി. എങ്കില്‍ ബോഡി ഹോസ്പ്പിട്ടലില്‍ എല്പ്പിയ്ക്കാം, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിയ്ക്കട്ടെ എന്നായി തീരുമാനം. ജീവിച്ചിരുന്നപ്പോള്‍ ബന്ധുക്കള്‍ക്ക് ഉപകാരപെടാത്ത ഒരുവന്‍ മരണ ശേഷം സമൂഹത്തിന് ഉപകാരപെടട്ടെ...നല്ലൊരു തീരുമാനം. പക്ഷെ, ബോഡി ഹോസ്പിറ്റലിനു എഴുതി കൊടുക്കാനുള്ള നടപടിക്രമങ്ങള്‍ കേട്ടപ്പോള്‍ 'ഒന്നും വേണ്ട,ഏതെങ്കിലും പൊതു ശ്മശാനത്തില്‍ കുഴിച്ചിടാം' എന്ന് തീരുമാനമായി.


5/5.
അടുത്തുള്ളൊരു പൊതു ശ്മശാനം കണ്ടെത്തുക,കുഴി വെട്ടുകാരെ കണ്ടെത്തി കുഴിവെട്ടാന്‍ എല്പ്പിയ്ക്കുക എന്നീ കാര്യങ്ങളില്‍ ഞാനും മനുവും പങ്കാളികളായി. ആളിത്രയും നാള്‍ താമസിച്ച നാട്ടിലെ ആളുകള്‍ തിരിഞ്ഞു പോലും നോക്കിയില്ല എന്നാരും പറയരുതല്ലോ? (അല്ലെങ്കില്‍ തന്നെ ആര് പറയാന്‍..???)


ആംബുലന്‍സ് വന്നു.ശരീരം വെള്ള തുണിയില്‍ പൊതിഞ്ഞിട്ടുണ്ട്‌.അതിനു പുറത്തുകൂടെ ഒരു പനംപായ വരിഞ്ഞു മുറുക്കിയിരിയ്ക്കുന്നു.
"മഞ്ച...?"
"എന്തിന്...?"


"മുഖം അഴിയ്ക്കണോ,ആര്‍ക്കെങ്കിലും കാണാന്‍...?" -കുഴി വെട്ടുകാരില്‍ ഒരാള്‍ ചോദിച്ചു.
ആരും മറുപടി പറഞ്ഞില്ല.
ആ പായകെട്ട് കുഴിയിലിറക്കി മണ്ണിട്ട്‌ മൂടി. അകമ്പടിയായി അലമുറയിട്ടുള്ള  കരച്ചിലുകളില്ല, പൂക്കളോ കര്‍മ്മങ്ങളോ ഇല്ല, ഒരു മനുഷ്യ ശരീരം സംസ്ക്കരിയ്ക്കപെട്ടിരിയ്ക്കുന്നു. എന്റെ ജീവിതത്തില്‍ ആദ്യത്തെ കാഴ്ച.


 ആരോ ഒരു കൂട് ചന്ദനത്തിരി വാങ്ങി കുഴിയ്ക്കു മുകളില്‍ കത്തിച്ചു വെച്ചു....
"മൂന്ന്‌ ഭാര്യമാരും ഏഴു മക്കളും ഉള്ള ഒരുവന്‍ അനാഥനായി, ആരുടെയൊക്കെയോ ഔദാര്യത്താല്‍ ഇവിടെ വിശ്രമിയ്ക്കുന്നു"


ലേബല്‍: അനുഭവം

15 comments:

മണ്ടൂസന്‍ said...

നല്ല അനുഭവം, നമ്മുടേയൊക്കെ നാട്ടിൽ ഇങ്ങനെ പലരും കാണും. യാതൊരു തിരിച്ചറിയൽ രേഖയും എവിടുന്നാ എന്ന് അറിവൊന്നുമില്ലാത്തവർ. അങ്ങനേയുള്ളവർ ഭാഗ്യം കൊണ്ട് നാട്ടിൽ കിടന്ന് മരിച്ചിട്ടില്ല. ഉണ്ടായിരുന്നത് മരിച്ച് കഴിഞ്ഞപ്പോൾ കുറച്ചാളുകൾ തമിഴ്നാട്ടിൽ നിന്ന് വന്ന് കാര്യങ്ങളെല്ലാം ഡീസന്റ് ചെയ്തു. നല്ല സംഭവം ട്ടോ, നന്നായി പറയുകേം ചെയ്തു. ആശംസകൾ.

Najeemudeen K.P said...

നന്നായിട്ടുണ്ട്. ജീവിതസത്യങ്ങളുടെ ഒരു ചിതറിയ പൊട്ട്... എനിക്കങ്ങനെയാണ് വിശേഷിപ്പിക്കാന്‍ തോന്നുന്നത്. ഇനിയും എഴുതുക. ആശംസകള്‍....

പട്ടേപ്പാടം റാംജി said...

ചില അനുഭവങ്ങള്‍ കാണുമ്പോള്‍ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാന്‍ നന്നായി ബുദ്ധിമുട്ടും. മരിച്ചു കഴിഞ്ഞാല്‍ സഹതാപം തോന്നുമെന്കിലും അയാളുടെ മുന്ചെയ്തികള്‍ ഓര്‍മ്മയില്‍ വരില്ല എന്ന് പറയാന്‍ കഴിയില്ലല്ലോ.നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളില്‍ അതെനിതിരെ ജീവിക്കുന്ന ഒരു വ്യക്തിയെ ന്യായികരിക്കാനും നമുക്കാവില്ല.
വളരെ നന്നായി പറഞ്ഞിരിക്കുന്നു.

arun bhaskaran said...

നല്ലൊരനുഭവം. ഒട്ടും മടുപ്പിക്കാതെ എഴുതിയിരിക്കുന്നു നിങ്ങള്‍. അഭിനന്ദനങ്ങള്‍

റിനി ശബരി said...

നമ്മള്‍ തന്നെയാണ് നമ്മുടെ നരകവും
സ്വര്‍ഗ്ഗവും സൃഷ്ടിക്കുന്നതെന്ന് തൊന്നി
പൊകുന്നു അല്ലേ ..
മരണം ഒരുവനില്‍ ഒരു ദീനതയും ഉണ്ടാക്കില്ല
കാരണം അവനറിയുന്നില്ല തന്നെ ..
പക്ഷേ ജീവിച്ചിരിക്കുന്നവരില്‍ അതു
വ്യതിയാനവും അഴലും നിറക്കാം അല്ലേ ..
എത്രയൊക്കെ ദുഷിപ്പുകള്‍ ജീവിച്ചിരിക്കുമ്പൊള്‍
നടത്തിയാലും നന്നായി ശേഷിപ്പുകള്‍ ഉള്ളവനാണേല്‍
നാലാള്‍ കാണും ,പിന്നീട് കിട്ടുന്ന മധുരം സ്വപ്നം
കണ്ടു കൊണ്ടെങ്കിലും ..മക്കളും മരുമക്കളും മല്‍സരിക്കും ഇവിടെ രണ്ടും കൂടി ഒത്ത് വന്നു, അപ്പൊള്‍ കാര്യം കഷ്ടം തന്നെ ..
മരണം കാലത്തിന്റെ അനിവാര്യതയാണ് നാളേ നമ്മേയും പിടി കൂടാനുള്ളത് ,ഉള്ളിലേ ഉണര്‍പ്പില്‍ ചെയ്ത കാര്യങ്ങള്‍ ഉണരാത്ത കണങ്ങളുള്ള ജഡത്തൊട് നമ്മുക്ക് ക്ഷമിക്കാം അല്ലേ ..
നന്നായി എഴുതി കേട്ടൊ . തടസ്സമില്ലാതെ ..

ajith said...

ആദ്യത്തെ കഥയും പിന്നത്തെ അനുഭവവും കൂട്ടി വായിക്കുമ്പോള്‍ ചിന്തകള്‍ക്ക് ചിറക് മുളയ്ക്കുന്നു. (ബോഡി ആശുപത്രിയ്ക്ക് ദാനം ചെയ്യാന്‍ വളരെയേറെ നൂലാമാലകളുണ്ടോ..?)

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

കഥയും, അനുഭവവും കൂടി കൂട്ടി വായിച്ചു...
നന്നായിരിക്കുന്നു....

കൊച്ചു കൊച്ചീച്ചി said...

ഇയ്യാള് പുലിയാണല്ലേ!!

ആദ്യം തന്നെ പ്രെസെന്റേഷന്‍ ഉഗ്രനായി എന്നുതന്നെ പറയട്ടെ. തുടക്കത്തിലെ ആ കഥ അനുഭവത്തിലേയ്ക്കുള്ള ഒരു നല്ല പടിവാതിലായി. മുന്‍വിധികളില്ലാത്ത നിസ്സംഗമായ ഒരു മൂഡ് ആഖ്യാനത്തിന് നല്ലൊരു ഒഴുക്കുപകര്‍ന്നിട്ടുണ്ട്. ചിലയിടത്ത് സത്യസന്ധമായ ചില vignettes (മരണവീട്ടില്‍ പോയിട്ട് സിനിമയ്ക്ക് പോകാം, 'തലേന്നു കുടിച്ചതിന്റെ കെട്ട്', അനാഥപ്രേതം മെഡിക്കല്‍ കോളേജിനു വിട്ടുകൊടുക്കാമെന്ന ചിന്ത തുടങ്ങിയവ) രചനയുടെ മാറ്റുകൂട്ടുന്നു.

ഉഗ്രന്‍! ബാക്കികൂടി പോരട്ടെ.

ഫൈസല്‍ ബാബു said...

കോടീശ്വരന്‍ ആയിട്ടും ഒരു വാനില്‍ ആരോരുമില്ലാതെ ഒരു വാഹനത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്ന ഒരു പഴയ സിനിമാ നിര്‍മ്മാതാവിനെ ക്കുറിച്ച് ഈ അടുത്തു ടെലിവിഷനില്‍ കണ്ടിരുന്നു ..എന്തെല്ലാം കാണണം ഈ കലികാലത്തില്‍ അല്ലെ ..

(പേര് പിന്നെ പറയാം) said...

*മണ്ടൂസന്‍
*Najeemudeen K.P
*പട്ടേപ്പാടം റാംജി
*arun bhaskaran
*റിനി ശബരി
*ajith
*മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ്
*കൊച്ചു കൊച്ചീച്ചി
*ഫൈസല്‍ ബാബു
--വരവിനും വായനയ്ക്കും നന്ദി സുഹൃത്തുക്കളെ...ഇനിയും വരിക,തെറ്റ് കുറ്റങ്ങള്‍ ചൂണ്ടി കാണിയ്ക്കുക.

മണ്ടൂസന്‍ ,പട്ടേപ്പാടം റാംജി ,റിനി ശബരി- ചിന്തകളും ഓര്‍മ്മകളും പങ്കുവെച്ചതിനും വിശദമായ അഭിപ്രായത്തിനും പ്രത്യേകം നന്ദി.

ajith- ബോഡി ഹോസ്പിറ്റലിനു നല്‍കണമെങ്കില്‍ അടുത്ത ബന്ധുക്കള്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കണം.അവിടെ ആ കൂട്ടത്തില്‍ അടുത്ത ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല.പിന്നെ പൊതു ശ്മശാനം ലഭിച്ചപ്പോള്‍ കുഴിച്ചിട്ടു,അത്രതന്നെ...ഒരു ബോടിയ്ക്ക് ലക്ഷങ്ങള്‍ വിലയുണ്ട്‌- "അപ്പനെ വിറ്റപ്പോള്‍ കിട്ടിയ കാശെവിടെ?" എന്നും ചോദിച്ചു ഭാവിയില്‍ മക്കള്‍ വന്നാലുള്ള പ്രശ്നങ്ങള്‍ കൂടി ഓര്‍ത്തപ്പോ കുഴിച്ചിടുന്നതായിരിയ്ക്കും നല്ലത് എന്ന് തോന്നിയതിനെ തെറ്റ് പറയാനൊക്കുമോ???

കൊച്ചു കൊച്ചീച്ചി-സൂക്ഷ്മ വിശകലനം നടത്തി എഴുത്തിനെ വിലയിരുത്തിയതിന് ഗംഭീരന്‍ നന്ദി. എഴുത്തിനെ മെച്ചപെടുതാനും ഗതി നിയന്ത്രിയ്ക്കാനുമൊക്കെ ഇത്തരം അഭിപ്രായങ്ങല്‍ക്കൊണ്ടേ സാധിയ്ക്കൂ.... നാളുകള്‍ക്കു ശേഷം വീണ്ടും 'ഇവിടെ' കണ്ടതില്‍ സന്തോഷം.

---സ്നേഹത്തോടെ
അരുണേ-ക്ഷ്.

ജോസെലെറ്റ്‌ എം ജോസഫ്‌ said...

നല്ല എഴുത്ത്. അനുഭവത്തിലൂടെ പകര്‍ന്ന സന്ദേശം!

ഒറ്റയാന്‍ said...

ഇതു സത്യമാണ്‌..
ഒരുവണ്റ്റെ ജീവിതശൈലി സമൂഹത്തിണ്റ്റെ കാഴ്ചപ്പാടുകള്‍ക്ക്‌ അനുസരിച്ചല്ലെങ്കില്‍,
സാമൂഹിക ചട്ടക്കൂടുകള്‍ക്ക്‌ അനുസരിച്ചല്ലെങ്കില്‍
മരണശേഷം പോലും ആരും തിരിഞ്ഞുനോക്കുകയില്ലെന്ന സത്യം...

മൂന്നു ഭാര്യമാരും വെപ്പാട്ടികളുമുള്ള അവണ്റ്റെ ഭാഷയും നാം വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.

നന്നായെഴുതി. ആക്ഷേപഹാസ്യ ശൈലി കൊള്ളാം.

ഞാന്‍ പുണ്യവാളന്‍ said...

ബ്ലോഗ്‌ എഴുതുന്നത്‌.....???
അല്ലേ---? സത്യം സുഹൃത്തെ സംശയമില്ല


വായന കഴിഞു സംഭവം കൊള്ളാം കൌതുകകരം തന്നെ മനുഷ്യന്റെ ഒരു വിധികള്‍ ആശംസകള്‍
@ PUNYAVAALAN

ജോ മിസ്റ്റെരിയോ said...

:)

ബിലാത്തിപട്ടണം Muralee Mukundan said...

കഥ പ്ലസ് അനുഭവം സമം ക്ലീഷെ ..!


ഇത്തരം അനുഭാഖ്യാനങ്ങൾ
തന്നെ കുറെ തുടരനായി എഴുതിയിട്ടാൽ തന്നെ മതി ,ഭായിയുടെ എഴുത്തിന്റെ കാലിബർ വായനക്കാർക്ക് തിരിച്ചറിയാൻ...