5 Jun 2012

ഉപവാസദിനം

ടെക്നോപാര്‍ക്ക് എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് എന്റെ എട്ടാമത്തേയോ ഒമ്പതാമത്തെയോ വയസ്സിലാണ്. അന്നെന്റെ വിചാരം ഈ ടെക്നോപാര്‍ക്ക് എന്നത് മലമ്പുഴ ഫാന്റസിപാര്‍ക്ക് പോലെയോ, ഇരിഞ്ഞാലക്കുട മുനിസിപ്പല്‍പാര്‍ക്ക് പോലെയോ ശംഖുമുഖം ചില്‍ഡ്രന്‍സ് പാര്‍ക്ക് പോലെയോ എന്തോ ഒന്ന് ആയിരിയ്ക്കുമെന്നാണ്. അതായത്, ഈ വൈകുന്നേരങ്ങളിലൊക്കെ പോയി ഐസ്ക്രീം തിന്നു ഊഞ്ഞാലാടാനും ഇഴുക്കാം പാലത്തില്‍ കയറിയിരുന്നു ഇഴുകി കളിയ്ക്കാനും ഒക്കെയുള്ളോരിടം. അതങ്ങനെയല്ല എന്നു മനസ്സിലാക്കാന്‍ എനിയ്ക്ക് പിന്നെയും ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടി വന്നു....
എന്നാല്‍ വി.എസ്.എസ്.സി. ഒരു വിനോദ സഞ്ചാര കേന്ദ്രം അല്ലെന്നും, തുമ്പ ഒരു റോകേറ്റ് വിക്ഷേപണ കേന്ദ്രം ആണെന്നുമൊക്കെ മനസ്സിലാക്കാന്‍ എനിയ്ക്ക് അധികം നാളിന്റെ ആവശ്യം വന്നില്ല.കൃത്യമായി പറഞ്ഞാല്‍ കേവലം ഒരു നിരാഹാര സമരത്തിന്റെ അകലം മാത്രം. പക്ഷെ, അതൊരു ഒന്നൊന്നര സമരം ആയിരുന്നു....."ഈ വരുന്ന ഇരുപത്തഞ്ചാം തീയതി അഞ്ച്, ആറ്, ഏഴ്‌  ക്ലാസ്സുകാര്‍ സ്കൂളില്‍ നിന്നും വിനോദയാത്ര പോകുന്നു." -പ്യൂണ്‍ ചേച്ചി കൊണ്ട് വന്ന കടലാസ് രാധാമണി ടീച്ചര്‍ ഉറക്കെ വായിച്ചു. "താല്പര്യമുള്ള കുട്ടികള്‍ അടുത്ത വെള്ളിയാഴ്ചയ്ക്ക് മുന്‍പായി ക്ലാസ് ടീച്ചര്‍ മുഖാന്തിരം പേര് നല്‍കുക.പോകുന്ന സ്ഥലങ്ങള്‍- അഞ്ച്,ആറ് ക്ലാസ്സുകാര്‍ തുമ്പ, നെയ്യാര്‍ ഡാം. ഏഴാം ക്ലാസ്സുകാര്‍ വര്‍ക്കല ബീച്ച്"
 

രാധാമണി ടീച്ചര്‍ 'തുമ്പ' എന്ന് വായിച്ചപ്പോള്‍ ഞാന്‍ 'പമ്പ' എന്നാണു കേട്ടത്.
"ശബരിഗിരീശ ഞങ്ങള്‍ വരുന്നൂ നിന്‍ നടയില്‍.......
പമ്പയില്‍ മുങ്ങി ഇരുമുടിയേന്തി വരുന്നൂ നിന്‍ നടയില്‍......"
(ബാക്ക്ഗ്രൗണ്ടില്‍ ഒരു ഭക്തിഗാനം അലയടിച്ചു)

ആനയും പുലിയും ഒക്കെയിറങ്ങുന്ന കാനനവഴികളിലൂടെ അവയേയും കണ്ട് ഒരു യാത്ര...ഞാനാകെ രോമാഞ്ച കഞ്ചിത വഞ്ചിത കുഞ്ചിത പുളകിതനായി.

"ഡാ, ഈ തുമ്പ എന്ന് പറഞ്ഞാല്‍ ബാലരമയിലെ ജംബന്റെ പട്ടീടെ പേരല്ലേ..??" -അരവിന്ദിനൊരു
സംശയം 
"അതിനിവിടെയാര് തുമ്പ എന്ന് പറഞ്ഞു?"
"ടീച്ചര്‍"
"അത് തുമ്പന്‍-ഇത് പമ്പ." -ഞാന്‍ സംശയത്തെ നിവാരണം ചെയ്തു. 


"ശബരിഗിരീശ ഞങ്ങള്‍ വരുന്നൂ നിന്‍ നടയില്‍.......
പമ്പയില്‍ മുങ്ങി ഇരുമുടിയേന്തി വരുന്നൂ നിന്‍ നടയില്‍......"
(ബാക്ക്ഗ്രൗണ്ടില്‍ ഒരു ഭക്തിഗാനം ആരെയോ അടിച്ചു)

"ഓഹോ,അപ്പൊ പുലിയേയും മയിലിനേയും ഒക്കെ കാണാമല്ലേ?"

"പിന്നെ-പുലി,ആന,മയില്‍,സിംഹം,കടുവ--ഭാഗ്യമുണ്ടേല്‍ മുയലിനെയും കാണാം."
"മുയലിനെ കാണാന്‍ നമുക്ക് അത്രേം ഭാഗ്യത്തിന്റെ ആവശ്യമുണ്ടോ?"
"നമ്മടെ കാര്യമല്ലടാ,മുയലിന്റെ ഭാഗ്യത്തിന്റെ കാര്യമാ പറഞ്ഞേ...
മുയലിനു ഭാഗ്യമുണ്ടേല്‍ നമ്മളവിടെ ചെല്ലുമ്പോള്‍ അതവിടെ കാണും-ഇല്ലേല്‍ അതിനെ പുലി പിടിച്ചിട്ടുണ്ടാകും"കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും എനിയ്ക്ക് ചെറിയ ഒരു നിരാശ ഉണ്ടായിരുന്നു.
"പമ്പയിലേയ്ക്ക് പോകുമ്പോള്‍ ശരണം വിളിച്ചോ
ക്കെ പോണ്ടേ...??"
പമ്പയും തുമ്പയും രണ്ടും രണ്ടാണെന്നും നാം പോകുന്നത് തുമ്പയിലേയ്ക്ക് ആണെന്നും അഞ്ചാം ക്ലാസ്സിലെ തന്നെ ഞങ്ങടെ സീനിയര്‍ വിനയന്‍(ചേട്ടന്‍) പറഞ്ഞതോടെ കാര്യങ്ങള്‍ വ്യക്തമായി...
നമ്മള്‍ കളിച്ചും ചിരിച്ചും ആടിയും പാടിയും പോകും---പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. എന്റെയും ചേട്ടന്റെയും പ്രതീക്ഷകള്‍ക്ക് മേലെ എന്‍ഡോസള്‍ഫാന്‍ വിഷമഴ പോലെ അമ്മയുടെ ആ വാക്കുകള്‍ വന്നു പതിച്ചു. 
മണിച്ചിത്രത്താഴ് സിനിമയില്‍ ശോഭനയോട് സുരേഷ് ഗോപി പറയുന്നത് പോലെ--
"നിങ്ങളിപ്പ ടൂറിനു പോകണ്ട...."
"അതെന്താ ഞങ്ങ ടൂറിന് പോയാല്...??" എന്ന് ചോദിച്ച് കൊണ്ട് ചേട്ടന്‍ കട്ടിലെടുത്തു പൊക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ ചേട്ടനെയും, ഞാന്‍ പൊക്കും എന്ന പ്രതീക്ഷയില്‍ ചേട്ടന്‍ എന്നെയും നോക്കി...രണ്ട് പേരും പൊക്കില്ല എന്ന് മനസ്സിലായപ്പോള്‍ അമ്മ രംഗം വിട്ടു.
"കട്ടില്‍ പൊക്കാനുള്ള ആരോഗ്യം എനിയ്ക്കില്ല...അതാ പൊക്കാഞ്ഞേ"-ഞാന്‍ ചേട്ടനെ നോക്കി പതുക്കെ പറഞ്ഞു.
"നിനക്ക് ആ ടീപ്പോയ് എങ്കിലും പൊക്കാമായിരുന്നില്ലെ...??? ഇഡിയറ്റ്..." -ചേട്ടന്‍ ക്ഷോഭിച്ചു കടന്നു പോയി....
ഒന്നാം ഘട്ടം വിജയകരമായി പരാജയപെട്ടു.വൈകീട്ടത്തെ അത്താഴ സമ്മേളനത്തില്‍ വെച്ച് അച്ഛനും അമ്മയും നയം വ്യക്തമാക്കി.'കുട്ടികളായതിനാല്‍ നിങ്ങളെ വിടാന്‍ ഭയമുണ്ട്.വേണമെങ്കില്‍ പരീക്ഷ കഴിഞ്ഞു നമുക്കൊരുമിച്ചു ഒരു യാത്ര പോകാം.തല്‍ക്കാലം ഈയാഴ്ച കടല്‍ കാണാന്‍ പോകാം'

'കടല്‍ കാണാന്‍ പോകാം' -അതൊരു നല്ല ആശയമായി എനിയ്ക്ക് തോന്നി. ഗാന്ധിജി കടല്‍ വറ്റിറ്റ് ഉപ്പുണ്ടാക്കിയെന്ന് സാമൂഹ്യപാഠം പുസ്തകത്തില്‍ ഉണ്ടായിരുന്നു.കാശ് കൊടുത്ത് ഉപ്പ് വാങ്ങാനുള്ള മടിയ്ക്ക് ഇവറ്റകളെല്ലാം കൂടി വറ്റിറ്റ് വറ്റിറ്റ് ഒടുക്കം ഈ നാട്ടില്‍ ഒരൊറ്റ കടല്‍ പോലും ബാക്കി കാണില്ല.അത് കൊണ്ട് എത്രയും പെട്ടെന്ന് കടല്‍ കണ്ടില്ലേല്‍ കാണാന്‍ ഇനി കടലുണ്ടാകില്ല. 'സമ്മതിയ്ക്ക് ' എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ചേട്ടനെ നോക്കി.ചേട്ടന്‍ സമ്മതിച്ചില്ല. "ഞങ്ങള്‍ക്ക് ടൂറ് പോകണം" -ചേട്ടന്‍ അഭിപ്രായത്തില്‍ ഉറച്ച് നിന്നു.


പിറ്റേ ദിവസം (ശനിയാഴ്ച) പകല്‍:
ചേട്ടന്‍ നയം വിശദീകരിച്ചു.--- "എങ്ങനെയും നമ്മള്‍ ഈ ആവശ്യം നേടിയെടുത്തെ മതിയാകൂ...നമുക്ക് മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് അക്രമത്തിന്റെ പാഥ- കതകു വലിച്ചടയ്ക്കുക,പാത്രങ്ങള്‍ വലിച്ച് നിലത്തിടുക,ചെടിച്ചട്ടി മറിച്ചിടുക,ചെടികള്‍ പിഴുതെറിയുക....."
"അത് മതി...അത് മതി..." -ഞാന്‍ ചാടിയെഴുന്നീട്ട് ആവേശത്തോടെ ആദ്യം കണ്ട ഒരു റോസാ ചെടിയില്‍ പിടിച്ച് വലിച്ച് സമരത്തിന്‌ തുടക്കമിട്ടു.... "ആ......." റോസാ മുള്ള് കൈയ്യില്‍ തറച്ചു കയറിയിരിയ്ക്കുന്നു.


"അതെ..അക്രമ സമരങ്ങള്‍ക്ക് ഇങ്ങനെ ചില പ്രശ്നങ്ങള്‍ ഉണ്ട്.ശക്തമായ തിരിച്ചടികള്‍ നേരിടേണ്ടി വരും.അത് കൊണ്ട് നമുക്ക് പറ്റിയ സമരമാര്‍ഗ്ഗം നിരാഹാരം ആണ്"
"എന്ത്....???"
"നിരാഹാര സത്യാഗ്രഹം അഥവാ ഉപവാസം. ഇതില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ഭക്ഷണം കഴിയ്ക്കരുത്."
"അപ്പൊ വിശക്കില്ലേ..?"
"വലിയ വിജയങ്ങള്‍ക്ക് വേണ്ടി ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ത്യജിയ്ക്കേണ്ടി വരും."


"ചേട്ടനെങ്ങനാ ഇതൊക്കെ അറിയാ" എന്ന എന്റെ ചോദ്യത്തിന് ആള്‍ ആ സ്ഥിരം മറുപടി തന്നെ പറഞ്ഞു. "നിന്നെക്കാള്‍ രണ്ട് ഓണം ഞാന്‍ കൂടുതല്‍ ഉണ്ടിട്ടുണ്ട്" 


ഓണമില്ലാത്ത ദിവസങ്ങളിലൊക്കെ ചേട്ടന്‍ ഉണ്ണാതെ പട്ടിണി കിടക്കുകയായിരുന്നോ എന്ന് ചോദിയ്ക്കാന്‍ തോന്നിയെങ്കിലും അച്ചടക്കമുള്ള ഒരു സംഘടനാ പ്രവര്‍ത്തകന്‍ നേതാവിനെ ചോദ്യം ചെയ്യരുത് എന്ന ചേട്ടന്റെ പഴയ ഉപദേശം മാനിച്ച്‌ ഞാന്‍ ചോദ്യം മാറ്റി ചോദിച്ചു-
"രണ്ട് പേരും നിരാഹാരം കിടക്കേണ്ടി വരുമോ?"
"വേണം.പക്ഷെ നമുക്ക് റിലേ സമരം മതി"
"അപ്പൊ ഇനിയും രണ്ട് പേര്‍ വേണോ?"
"അതെന്തിനാ ഇനിയും രണ്ട് പേര്‍?"
"ഉസ്ക്കൂളില്‍ റിലേ മത്സരത്തിനു മൊത്തം നാല് പേര്‍ ആയിരുന്നു."
"അത് നാല് ഗുണം നൂറ് സമം നാന്നൂറ് മീറ്റര്‍ റിലേ ഓട്ടം.ഇത് റിലേ സത്യാഗ്രഹം"


"റിലേ സത്യാഗ്രഹം എന്ന് പറഞ്ഞാല്‍...??"
"ഇന്ന് നീ നാളെ ഞാന്‍"


"ഇന്ന് ഞാന്‍ നാളെ നീ എന്നല്ലേ?"
 "അത് തന്നെയാ ഞാനും പറഞ്ഞേ...ഇന്ന് നീ നാളെ ഞാന്‍. നീ പറയുമ്പോ ഞാന്‍, ഞാന്‍ പറയുമ്പോ നീ"

"എങ്ങനെ...?"
"നീ പറയുമ്പോ ഞാന്‍ നീയാകും..ഞാന്‍ പറയുമ്പോ നീ ഞാനാകും"
"എനിയ്ക്കൊന്നും മനസ്സിലായില്ല"
"അതായത്-നീ ഞാന്‍ എന്ന് പറഞ്ഞാല്‍ നീ, ഞാന്‍ ഞാന്‍ എന്ന് പറഞ്ഞാല്‍ ഞാന്‍..."


ചേട്ടന്‍ എങ്ങനെയൊക്കെ വിശദീകരിച്ചിട്ടും ഒടുക്കം എനിയ്ക്ക് മനസ്സിലായത്‌ ഒന്ന് മാത്രം- 

"ഇന്ന് ഞാന്‍ പട്ടിണി"


വൈകീട്ട് അമ്മ അടയും ചായയും കൊണ്ട് മുന്നില്‍ വെച്ചപ്പോ ഞാന്‍ പ്രഖ്യാപിച്ചു- 
"ഞാന്‍ നിരാഹാര സമരത്തിലാണ്"
"അപ്പോ ഉച്ചയ്ക്ക് ചോറുണ്ടതോ?"
"സമരം അത് കഴിഞ്ഞിട്ട തുടങ്ങിയത്..."
"എങ്കില്‍ നീയിപ്പോ ചായ കുടിയ്ക്ക്.അതിന് ശേഷം സമരം വീണ്ടും തുടങ്ങിക്കോ"
അത് നല്ലൊരു ആശയമാണ്. എനിയ്ക്കത് ബോധിച്ചു. ഇനി ചായ കുടിചിട്ടാകാം സമരം. ഞാന്‍ ചേട്ടനെ നോക്കി. ഞാന്‍ ചായ കുടിച്ചു സമരം പരാജയപെടുത്തും എന്ന് ഭയന്നിട്ടാകണം ചേട്ടന്‍ ഇടയ്ക്ക് കയറി പറഞ്ഞു- "അവന്‍ ഒന്നും കഴിയ്ക്കില്ല"
"അപ്പോ നീയോ?"
"എനിയ്ക്ക് കഴിയ്ക്കാം...ഇന്നിവന്‍ നാളെ ഞാന്‍"
"ഓഹോ...അപ്പോ റിലേ സത്യാഗ്രഹം ആണല്ലേ?" അമ്മയ്ക്ക് എല്ലാം മനസ്സിലായി.എനിയ്ക്ക് മുന്നിലിരുന്ന അടയും ചായയും കൂടി അമ്മ ചേട്ടന് മുന്നിലേയ്ക്ക് നീക്കി വെച്ചു. എനിയ്ക്ക് അവകാശപെട്ട അട മുഴുവന്‍ ചേട്ടന്‍ യാതൊരു ദാക്ഷിന്ന്യവും കൂടാതെ എന്റെ മുന്‍പിലിരുന്നു തിന്ന് തീര്‍ത്തു.പക്ഷെ ഏമ്പക്കം വിട്ടില്ല. പാവം വിശപ്പ്‌ മാറിയില്ലായിരിയ്ക്കും.
 

-രണ്ടാം ഘട്ടം വിജയകരമായി അവസാനിച്ചു.


പക്ഷെ ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ള എല്ലാ സമരങ്ങളും മേലാളന്‍ ബൂര്‍ഷ്വാസികളെക്കൊണ്ട്  അടിച്ചമർത്തപെട്ട ചരിത്രമേ ഉണ്ടായിട്ടുള്ളൂ.... എന്റെ വീട്ടുകാരും ഇതില്‍ നിന്നും തീര്‍ത്തും വിഭിന്നരല്ല എന്നന്നെനിയ്ക്ക് മനസ്സിലായി. അല്ലെങ്കില്‍ പിന്നെ, ഞായറാഴ്ച മാത്രം -അതും ബീഫ്- വാങ്ങാറുണ്ടായിരുന്ന എന്റെ വീട്ടില്‍ ആ ശനിയാഴ്ച എന്തിന് ചിക്കന്‍ വാങ്ങി...???

ഒരു കയ്യില്‍ ചിക്കനും മറു കയ്യില്‍ ബ്രഡ്ഡും
ജാമും പിന്നെയും എന്തൊക്കെയുമായി അച്ഛന്‍ കയറിവരുന്നത് അകത്തെ മുറിയിലിരുന്ന് തന്നെ ഞങ്ങള്‍ കണ്ടു.
"എന്തെങ്കിലും കേട്ടാല്‍ ചാടി കയറി തലയാട്ടി സമരം നശിപ്പിയ്ക്കരുത്" എന്ന് എന്നോട് ആജ്ഞാപിച്ചുകൊണ്ട് ചേട്ടന്‍ പുറത്തേയ്ക്ക് പോയി. അല്‍പ്പം കഴിഞ്ഞിട്ടും അനുഭാവിയുടെ ഒച്ചയും അനക്കവും കേള്‍ക്കാഞ്ഞു ഞാന്‍ ചെല്ലുമ്പോള്‍ ഇതിയാന്‍ ബ്രഡ്ഡും ജാമും വായിലേയ്ക്ക് കുത്തി കയറ്റുന്നു.


"ചേട്ടാ, ബ്രഡ്ഡും ജാമും നിരാഹാരത്തില്‍ പെടുമോ..?"
"ബ്രഡ്ഡും ജാമും മാത്രമല്ല, സമൂസയും പെടും. ഒന്നും കഴിയ്ക്കാന്‍ പാടില്ല." എന്നും പറഞ്ഞ്കൊണ്ട് ചേട്ടന്‍ സമൂസയിരുന്ന കവര്‍ ചേട്ടന്റെയരികിലെയ്ക്ക് നീക്കിവെച്ചു. 

ഓഹോ,അപ്പൊ അതും ഉണ്ടായിരുന്നല്ലേ...ഒന്നും വേണ്ടായിരുന്നു.


ചിക്കന്റെ മണം മൂക്കിലടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ കണ്ട്രോള്‍ പോകാന്‍ തുടങ്ങി.പക്ഷെ കതകടച്ചും, മൂക്കിന്റെ ഓട്ട പൊത്തിപിടിച്ചും ഞാന്‍ ആ മണത്തെ ബ്ലോക്ക് ചെയ്തു ഒരു വിധത്തില്‍ കണ്ട്രോള്‍ പോകാതെ പിടിച്ച് നിന്നു. ഉച്ചയ്ക്ക് ശേഷം ഒന്നും കഴിയ്ക്കാഞ്ഞതിനാലാവണം ക്ഷീണത്താല്‍ ഉറങ്ങിയും പോയി.അതെന്തായാലും നന്നായി-ബഷീര്‍ പറഞ്ഞത് പോലെ ഉറങ്ങുമ്പോള്‍ വിശപ്പിനെ പ്രതിരോധിയ്ക്കാന്‍ കഴിയും.

രാത്രി എപ്പോളോ ചേട്ടന്‍ എന്നെ ഗാഡനിദ്രയില്‍ നിന്നും വിളിച്ചുണര്‍ത്തി. 'സമരം വിജയിച്ചു.ടൂറിന് പോകാന്‍ സമ്മതം കിട്ടി.ഇനി ഭക്ഷണം കഴിയ്ക്കാം' എന്ന ആവേശത്താല്‍ ചാടിയെണീറ്റ എന്നെ തടഞ്ഞ് നിര്‍ത്തി - 

"ഒരു രക്ഷയുമില്ല.അവര്‍ വഴങ്ങുന്നില്ല.നമ്മളെ പ്രലോഭിപ്പിയ്ക്കലിന്റെ ഭാഗമായിട്ടാണ് ഇന്ന് ചിക്കന്‍ വെച്ചത്.കൂടെ ചപ്പാത്തിയും ഉണ്ട്. ചിക്കന്‍ കടയില്‍ നിന്നും വാങ്ങിയ പാക്കെറ്റ് കറിമസാല ഇട്ട് വെച്ചതിനാലാവണം മുന്‍പെങ്ങുമില്ലാത്ത വിധം ഗംഭീരന്‍ ടേയ്സ്റ്റ്. എങ്ങിനെയൊക്കെ പ്രലോഭിപ്പിയ്ക്കാന്‍ ശ്രമിച്ചാലും നീ വഴങ്ങരുത്.നീ ഉറങ്ങിക്കോ. ഞാന്‍ ഭക്ഷണം കഴിച്ചിട്ട് വരാം"
-ഇത്രയും പറഞ്ഞിട്ട് തിരികെ പോയി.
ഇതൊരുമാതിരി 'ഉറക്കത്തീന്ന്  വിളിച്ചെണീപ്പിച്ചിട്ട് അത്താഴമില്ല' എന്ന് പറയുന്നതിലും കടുപ്പമായിപ്പോയി.
വിശപ്പും നിരാശയും പിന്നെ കൊതിയും -അന്ന് വീണ്ടും ഉറങ്ങാന്‍ ഞാന്‍ നന്നായി പാടുപെട്ടു.പിറ്റേന്ന് രാവിലെ കട്ടന്‍ ചായയ്ക്കൊപ്പം അച്ഛന്‍ ആ സന്തോഷ വാര്‍ത്ത കൈമാറി- "ടൂറിന് പൊയ്ക്കോ"

ഹൂറേ......സമരം വിജയിച്ചിരിയ്ക്കുന്നു. ഞൊ
ടിയിടകൊണ്ട് പല്ല് തേച്ച് ഞാന്‍ തീന്‍ മേശയ്ക്കു മുന്നിലെത്തിയപ്പോള്‍ അവിടെ ചപ്പാത്തിയും ചിക്കനും എന്നെയും കാത്തിരിയ്ക്കുന്നു.
വര്‍ദ്ധിത ആവേശത്താല്‍ രണ്ട് ചപ്പാത്തിയെടുത്ത്  രണ്ടും രണ്ടായി മടക്കി (മൊത്തം നാല് മടക്ക്‌) അതിനിടയിലേയ്ക്ക് ഇന്നലെ പിടിതരാതെ ചാടിപ്പോയ കോഴിപ്പൂവന്റെ ജിമ്മെടുത്തു പെരുപ്പിച്ച മസ്സില്‍ കഷണം ഒരെണ്ണം എടുത്ത് വെച്ച്‌ ചപ്പാത്തികൊണ്ട് ഒന്ന് പൊതിഞ്ഞു ചെറുതായി ചുറ്റിനും ചാറ്കൊണ്ട് ഒന്ന് തളിച്ച് എന്റെ വായ മാക്സിമം തുറന്നു എട്ട് മടക്കുകളായി വിസ്തരിച്ചിരിയ്ക്കുന്ന ആ പൊതിയിലെയ്ക്ക് ആഞ്ഞൊരു കടി കടിച്ചു.

കടി മുഴുവനായില്ല.

ഞാനൊന്ന് കൂടി ഒന്ന് ശ്രമിച്ച് നോക്കി. ഇല്ല, എനിയ്ക്ക് കടി മുഴുമിപ്പിയ്ക്കാന്‍ കഴിയുന്നില്ല. എന്റെ വായ അത് തുടങ്ങുന്ന ഭാഗത്ത്‌ വച്ചുതന്നെ ലോക്കായിരിയ്ക്കുന്നു. തുറക്കാനും അടയ്ക്കാനും കഴിയുന്നില്ല. എന്തിന് എനിയ്ക്ക് ആരെയും ഒന്ന് വിളിയ്ക്കാന്‍ പോലും കഴിയുന്നില്ല...
ഭഗവാനെ ഇതായിരുന്നോ പണ്ട് ആലിങ്കായ് പഴുത്തപ്പോ കാക്കയ്ക്ക് വന്ന വായ്‌ പുണ്ണ്....???എന്നെയും കൊണ്ട് വീട്ടുകാര്‍ നേരെ ഹോസ്പിടലിലെയ്ക്ക്.....
വായ തുറക്കാനും അടയ്ക്കാനും പറ്റുന്നില്ല. ചപ്പാത്തിയില്‍ കടിയ്ക്കാന്‍ നേരം ഞാന്‍ നാക്ക് പുറത്തേയ്ക്ക് എങ്ങനെയാണോ നീട്ടിയത് ആ പൊസിഷനില്‍ തന്നെ കിടന്നുകൊണ്ട് കാഴ്ചകള്‍ കണ്ടു നാവങ്ങനെ വിശ്രമിയ്ക്കുകയാണ്. രോഗികളും കൂട്ടിരിപ്പുകാരും എന്നെ തന്നെ നോക്കുന്നു-ഒരു അന്യഗ്രഹ ജീവിയെ കാണുന്ന കൌതുകത്തോടെ. കണ്ടവര്‍ കാണാത്തവരെ വിളിച്ച്‌ കാണിയ്ക്കുന്നു. അധികം നേരം ഞാനവിടെ കിടന്നിരുന്നേല്‍ ആ ഹോസ്പിടലുകാര്‍ എന്നെ ടിക്കറ്റ് വച്ച് നാട്ടുകാര്‍ക്ക് പ്രദര്‍ശിപ്പിച്ചേനെ..... അതിനും മുന്‍പേ ഡോക്റ്റര്‍ എന്നെ അകത്തേയ്ക്ക് വിളിപ്പിച്ചു.വേദനയ്ക്കുള്ള ഒരു ഇന്‍ജക്ഷന്‍ തന്നു.പിന്നെ പതുക്കെ പിടിച്ച് അവിടെയും ഇവിടെയും ഒക്കെ ഒരു തട്ട് തട്ടി. എലി വന്നു കയറിയ എലിപ്പെട്ടി പോലെ വായ അടഞ്ഞു..
"ട്ടക്ക്"


ഹാവൂ ആശ്വാസം. ഇനി ചിക്കനും ചപ്പാത്തിയും തിന്നാം എന്നുകരുതി അതിന്റെ ഒരു ക്ലോസപ്പ് ഇമേജ് മനസ്സില്‍ കണ്ടു കൊണ്ടിരുന്ന എന്നോട് ആ ഡോക്ടര്‍ നിര്‍ദ്ദയം പറഞ്ഞു- "താന്‍ രണ്ട് ദിവസത്തേയ്ക്ക് കട്ടിയുള്ളതൊന്നും കഴിയ്ക്കണ്ട. ലൈറ്റായിട്ടു എന്തേലും കഴിച്ചാല്‍ മതി. പൊടിയരികഞ്ഞി ബെസ്ടാ...."
അയാളിത് പറഞ്ഞു തീര്‍ന്നതും എന്റെ തലയ്ക്ക് മുകളില്‍ തെളിഞ്ഞ് നിന്നിരുന്ന ചപ്പാത്തിയുടെയും ചിക്കന്റെയും കല്യാണ ഫോട്ടം ചേട്ടന്റെ തലയ്ക്ക് മുകളിലേയ്ക്ക് മാറിയതും ഒരുമിച്ചായിരുന്നു.

17 comments:

പട്ടേപ്പാടം റാംജി said...

എല്ലാം കൂടി ആകെ പുലിവാലായി. ഒന്ന് കഴിഞ്ഞു ഒരുവിധം സമാധാനമായപ്പോഴാണ് അടുത്തത്. രസമായി അവതരിപ്പിച്ചു.

റിനി ശബരി said...

പാവം ഹസാരയും , റാംദേവിനും
ഇതൊരു ഗുണ പാഠമാണല്ലേ :)
കൊല ചതി ആയി പൊയീ ..
തിരിച്ച് വീട്ടില്‍ വന്നിട്ട് ഏട്ടനിട്ടൊരു
പണി കൊടുത്തോ ആവോ ?
ഒരിക്കല്‍ കുളത്തില്‍ വച്ച് എനിക്കും
ഇമ്മതിരി വന്നതാ ..
കുറെ വെള്ളം കുടിച്ചു ,കൊണ്ടു പൊകാന്‍-
ആരുമില്ലാത്തത് കൊണ്ട് ,തന്നത്താന്‍ ശരിയായ് ..
പമ്പയും തുമ്പയും ,ഒപ്പിച്ച പണി രസത്തോടെ പകര്‍ത്തി കൂട്ടുകാരന്‍ ..
നാട്ടില്‍ എവിടെയാണ് ,തിരുവനന്തപുരമൊ .. കൊല്ലമോ ആണോ ..?
സ്നേഹപൂര്‍വം .. റിനി ..

ajith said...

ഭയങ്കരാ....പൊട്ടിച്ചിരിയമിട്ടുകള്‍ നിരത്തിവച്ചൊരു വെടിക്കെട്ട് തന്നെയാണല്ലോ. കൊള്ളാം.

khaadu.. said...

ഇത്തിരി സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടായിരുന്നെങ്കിലും..
പിന്നീടങ്ങോട്ട് കത്തിക്കയറി..
നര്‍മ്മത്തിന്റെ മാലപ്പടക്കം..
ഭംഗിയായി എഴുതി..

kochumol(കുങ്കുമം) said...

ഇതാണ് പറയുന്നത് പുത്തി വേണം പുത്തി വേണം എന്ന് ...!
ഇന്ന് ഞാന്‍ നാളെ നീ എന്ന് ചേട്ടനോട് പറഞ്ഞിരുന്നാല്‍ ചേട്ടന്‍ പട്ടിണി ഇരിക്കില്ലായിരുന്നോ ...?
അനുഭവിച്ചോ അങ്ങനെ തന്നെ വേണം ട്ടോ ..! രസകരമായ അവതരണം ...!!

ജോസെലെറ്റ്‌ എം ജോസഫ്‌ said...

നിങ്ങള്‍ ലവ-കുശന്മ്മാരാണോ അതോ ദാസനും വിജയനുമാണോ? കുട്ടിക്കാലം ക്രിസ്ടല്‍ ക്ലിയറായി ഓര്‍ത്തെടുക്കാനും വേണം ഒരു മെമ്മറി!!!കൊള്ളാം

ഞാന്‍ പുണ്യവാളന്‍ said...

അല്പം നീളം കൂടുതല്‍ ഉണ്ടായെങ്കിലും രസകരമായതിനാല്‍ വായിച്ചു മുഴുവിപ്പിച്ചു ....

പുതിയ സത്യഗ്രഹ വഴികള്‍ ഒന്നും മനസ്സില്‍ ഇലല്ലോ അല്ലെ .....

anupama said...

Dear Friend,
Really interesting...enjoyed reading...
Hearty Congrats!
Sasneham,
Anu

മനു അഥവാ മാനസി said...

ഇന്ന് ഞാന്‍ നാളെ നീ.തന്റെ ചേട്ടായി ആള് കൊള്ളാലോ..നന്നായിരുന്നു കേട്ടോ.ഒത്തിരി ചിരിച്ചു.
ആശംസകളോടെ

സുനി said...

"അതെന്താ ഞങ്ങ ടൂറിന് പോയാല്...??" എന്ന് ചോദിച്ച് കൊണ്ട് ചേട്ടന്‍ കട്ടിലെടുത്തു പൊക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ ചേട്ടനെയും, ഞാന്‍ പൊക്കും എന്ന പ്രതീക്ഷയില്‍ ചേട്ടന്‍ എന്നെയും നോക്കി...

വായിച്ചിട്ട് ചിരി നിര്‍ത്താന്‍ പാടു പെട്ടു. ഇനിയും പോരട്ടെ രസികന്‍ സാധനങ്ങള്‍..

ശ്രീജിത്ത് മൂത്തേടത്ത് said...

നീളം കൂട്യോ...?
ഏയ് ഇല്ല..
ഉപ്പിലിട്ടതുപോലെത്തന്നെ..
ശൂ..ഹാ.. നല്ല സ്വാദ്..

mayflowers said...

ഒരുപവാസ കഥ നല്ല നര്‍മം വിതറി അവതരിപ്പിച്ചു.
പല വരികളും വല്ലാതെ ചിരിപ്പിച്ചു കേട്ടോ..

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

കഥപ്പച്ച said...

വെടിക്കെട്ട്‌...... ...


off topic: താങ്കളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച...ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍............ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... മലയാള സിനിമ റോക്ക്സ് ........... വായിക്കണേ..........

വെള്ളിക്കുളങ്ങരക്കാരന്‍ said...

തകര്‍ത്തുട്ടാ...

ബിലാത്തിപട്ടണം Muralee Mukundan said...

ഇത്തരം ബാല്യകാല
അമിട്ടും കുറ്റികൾ ബൂലോകത്ത്
വന്ന് പൊട്ടി വിരിയുമ്പോഴൂണ്ടാകുന്ന വർണ്ണക്കാഴ്ച്ചകളുടെ വെണ്മ ഒന്ന് വേറെ തന്നെയാണ് കേട്ടൊ ഭായ്